Thursday, September 20, 2012

About Gavi, Pathanamthitta DT

ഇത് ഗവി, നാഗരികതയുടെ പിടിയില്‍ അമര്‍ന്ന് പോവാതെ നിലനില്‍ക്കുന്ന കേരളത്തിലെ അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒന്നു..
സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. പുൽമേടുകളാൽ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും.
ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട് .പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ ഒരു പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ.കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല. 63 തരം മൃഗങ്ങളും 45 തരം ഉരഗങ്ങളും ഇവിടെയുള്ളതായി കണക്കാക്കപ്പെടുന്നു.കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങൾക്ക് പുറമേ നീലഗിരി താർ എന്ന വരയാട്, സിംഹവാലൻ കുരങ്ങ് എന്നിവ കാട്ടിൽ വിഹരിക്കുന്നു. മലമുഴക്കി വേഴാമ്പലും ചിത്രശലഭക്കൂട്ടങ്ങളും വേറെ.കാടിന്റെ നിശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്.

വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്. അണക്കെട്ട് പണിയുന്ന നേരത്ത് താൽക്കാലികമായി നിർമ്മിച്ച കെട്ടിടമാണ് ഫോറസ്റ്റ് മാൻഷനായി മാറിയത്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ഇപ്പോഴുള്ള ഏക സങ്കേതമാണിത്. 950 മുതൽ 1750 രൂപ വരെയുള്ള വിവിധ പാക്കേജുകൾ നിലവിലുണ്ട്. പക്ഷേ മുൻകൂട്ടിയുള്ള ബുക്കിംഗ് ആവശ്യമാണ്

മനുഷ്യ ഇടപെടലിന്റെ ആധിക്യം മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിക്കുന്നതിനാൽ സന്ദർശന അനുമതി നിശ്ചിത എണ്ണം വിനോദ സഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത് വള്ളക്കടവ് വഴി എത്തുന്ന നിശ്ചിത എണ്ണം സഞ്ചാരികൾക്കുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

No comments:

Post a Comment